ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രക്ഷോഭം ശക്തമാക്കിയതിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരേ കടുത്ത വിമർശനവുമായി ബിജെപി.
രാഹുൽ ഗാന്ധിക്ക് അരാജകത്വ ചിന്താഗതിയാണെന്നും അദ്ദേഹം സമൂഹത്തിൽ വിഷം വിതയ്ക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കുറ്റപ്പെടുത്തി.
അതേസമയം, ബിജെപിയും അമിത് ഷായും നരേന്ദ്ര മോദിയും ഗ്യാനേഷ് കുമാറും ചേർന്നാണ് രാജ്യത്തെ ജനാധിപത്യത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇക്കൂട്ടർ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.